0
Home  ›  Global News

ഞെട്ടലിൽ ലോകം: ടിക് ടോക്കിന്റെ ഒന്നാം നമ്പർ താരം ഖാബി ലാം ദാരുണമായ ഒരു അപകടത്തിൽ മരണപ്പെട്ടോ! സത്യത്തിൽ എന്താണ് സംഭവിച്ചത്

 കോവിഡ് സമയത്ത് ടിക്ടോക്കിലൂടെ പ്രശസ്തനായ ഖാബി ലേമിനെ അറിയാത്തവർ ഇന്ന് ചുരുക്കമാണ്. ഒരു വാക്കുപോലും ഉച്ചരിക്കാതെ, നിശബ്ദമായ ചലനങ്ങൾകൊണ്ടും മുഖഭാവംകൊണ്ടും ആളുകളുടെ ശ്രദ്ധ പിടിച്ചെടു ത്ത ഖാബി, ടിക്ടോക്കിൽ 100 മില്യൺ ഫോളോവേഴ്‌സ് നേടിയ യൂറോപ്പിലെ ആദ്യത്തെ വ്യക്തിയും ലോകത്തെ രണ്ടാമത്തെ വ്യക്തിയുമാണ്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്നത് ഖാബിയുടെ മരണവാർത്തയാണ്. "ലോകം ഞെട്ടലിൽ! ദശലക്ഷക്കണക്കിന് ആളുകളെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ടിക്ടോക്കിന്റെ ഒന്നാം നമ്പർ താരം ഖാബി ലേം ദാരുണമായ ഒരു അപകടത്തിൽ മരിച്ചു" എന്നായിരുന്നു പ്രചരിച്ച പോസ്റ്റുകളിലെ ഉള്ളടക്കം. ലോകം മുഴുവനുമുള്ള ഖാബിയുടെ ആരാധകർ ഈ ദുഃഖവാർത്ത അതിവേഗം ഏറ്റെടുത്തു. പ്രചരിച്ച പോസ്റ്റുകളിൽ അപകടത്തിൽപ്പെട്ട കാറിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഖാബിയുടെ മരണത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായില്ല. എന്താണ് സത്യത്തിൽ ഖാബി ലേമിന് സംഭവിച്ചത്? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ എന്താണ്? പരിശോധിക്കാം.

ആരാണ് ഖാബി ലേം?

സെറിംഗെ ഖബാനേ ലാം എന്നാണ് ഖാബിയുടെ മുഴുവൻ പേര്. സെനഗലീസ് വംശജനായ ഖാബിയുടെ കുടുംബം ഇറ്റലിയിലേക്ക് കുടിയേറി പാർത്തവരായിരുന്നു. ഇറ്റാലിയൻ പൗരത്വവും ഖാബിക്കുണ്ട്.

ഇറ്റലിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തുവരുന്നതിനിടെ, ലോകം മുഴുവൻ ബാധിച്ച കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ലോക്ക്ഡൗൺ വന്നു. ഈ സമയത്ത് പല കമ്പനികളും അടച്ചുപൂട്ടി തൊഴിലാളികളെ പിരിച്ചുവിട്ടു. 2020 മാർച്ച് മാസത്തിലായിരുന്നു കോവിഡ് പാൻഡെമിക്കിനെ തുടർന്ന് ഖാബിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

പിന്നെ വീട്ടിനുള്ളിൽ കഴിയേണ്ടിവന്ന ആ ചെറുപ്പക്കാരൻ വിരസത അകറ്റാനായി തുടങ്ങിയതായിരുന്നു ടിക്ടോക്കിലെ അക്കൗണ്ട്. പല പേജുകളിലും നിസ്സാരമായ കാര്യങ്ങൾ സങ്കീർണമായി അവതരിപ്പിച്ചപ്പോൾ അതിനെ ട്രോളുന്ന വിധം ഖാബി ആ വീഡിയോകൾക്ക് റിയാക്ഷൻ ഇട്ടു. മുഖത്തെ ഭാവങ്ങളും, ഏറ്റവും ഒടുവിൽ "ദാ, ഇത് ഇത്രയേ ഉള്ളൂ" എന്ന കൈകൊണ്ടുള്ള ആക്ഷനും മാത്രമുള്ള ട്രോൾ വീഡിയോകൾ കുറഞ്ഞ സമയത്തിൽ സോഷ്യൽ മീഡിയയെ അടക്കി ഭരിക്കാൻ ഖാബിക്ക് ഇത്ര മാത്രമേ വേണ്ടിവന്നുള്ളൂ.

വാർത്തയുടെ സത്യാവസ്ഥ

കോവിഡ് സമയത്ത് ഖാബി ലേമിനുണ്ടായ അന്താരാഷ്ട്ര പ്രശസ്തി മഹാമാരി കാലത്തിനു ശേഷവും മാറ്റമില്ലാതെ തന്നെ തുടർന്നിരുന്നു. അതുകൊണ്ടുകൂടിയാണ് തങ്ങളുടെ പ്രിയപ്പെട്ട താരം മരണപ്പെട്ടു എന്ന വാർത്ത കേട്ടതോടെ ലോകം മുഴുവനുമുള്ള ആരാധകർ വേഗത്തിൽ ഈ വാർത്തയെ ഏറ്റെടുത്തതും. മാത്രമല്ല, അടുത്തകാലത്തായി ഖാബിയുടെ അക്കൗണ്ടുകളിൽ വരുന്ന പോസ്റ്റുകളുടെ എണ്ണവും കുറഞ്ഞിരുന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി. ഇഷ്ടതാരത്തിന് എന്തു പറ്റി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം.

എന്നാൽ റോയിട്ടേഴ്‌സ്, സ്നോപ്‌സ് തുടങ്ങിയ ഏജൻസികൾ നടത്തിയ വസ്തുതാ അന്വേഷണത്തിൽ, പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. വ്യൂവേഴ്‌സിനെ ആകർഷിക്കാൻ ചില ക്ലിക്ക് ബൈറ്റ് ചാനലുകൾ നടത്തിയ തന്ത്രമായിരുന്നു തെറ്റായ വാർത്തകൾ ഉണ്ടാക്കിയെടുത്തത്. കൂടാതെ, ഖാബി തന്റെ അക്കൗണ്ടിൽ പുതിയ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുമുണ്ട്.

ഖാബി ലേമിന്റെ പുതിയ വിശേഷങ്ങൾ

താൻ നേടിയെടുത്ത ഇന്റർനെറ്റ് പ്രശസ്തിയിൽ ഏറെ മികച്ച അവസരങ്ങളാണ് ഖാബി സ്വന്തമാക്കിയിട്ടുള്ളത്. 2022-ൽ ഡിസൈനർ ബ്രാൻഡായ ഹ്യൂഗോ ബോസുമായി അദ്ദേഹം സഹകരിച്ചിരുന്നു. 2022-ൽ തന്നെ ഇറ്റാലിയൻ ഡബ്ബായ 'ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ' എന്ന ചിത്രത്തിൽ അദ്ദേഹം ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു. വിൽ സ്മിത്തും മാർട്ടിൻ ലോറൻസും അഭിനയിച്ച 'ബാഡ് ബോയ്സ്: റൈഡ് ഓർ ഡൈ' എന്ന ചിത്രത്തിലും ഖാബി ഉണ്ടായിരുന്നു. 2025 ജനുവരിയിൽ അദ്ദേഹം യൂണിസെഫിന്റെ ഗുഡ്വിൽ അംബാസഡറുമായി. ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിലും ഖാബി പങ്കെടുത്തിരുന്നു.

പ്രചരിച്ച വാർത്തകളെല്ലാം വ്യാജമാണെന്നും ഖാബി ലേം സുരക്ഷിതനാണെന്നും ഇപ്പോൾ വ്യക്തമായിരിക്കുന്നു.


Post a Comment
Newer Posts
Latest Posts
Search
Menu
Theme
Share
Additional JS